ഞാൻ നിന്നെ തേടി വന്നതോ അതോ നിന്നിലേക്ക് വിളിച്ചടുപ്പിച്ചതോ…ഒരുപാട് ഉണ്ട് പ്രിയേ നിന്നോടോതുവാൻ…കൂട്ടിനു ഏറ്റവും പ്രിയപ്പെട്ട കൂറ്റാകൂരിരുട്ട് മാത്രമായതും, ഇടയ്ക്ക് നീലക്കുറിഞ്ഞി പോൽ വന്ന നിലാവ് കേവലം നിഴലുകൾ മാത്രമേകി മറഞ്ഞതും… തഴുകിടാൻ വന്ന കാറ്റ് സംഹാരമാടി എല്ലാം പറിച്ചുകൊണ്ടുപോയതും, ഉപ്പിൽ മായം ചേർത്തതും, കാലം കൂടെ കൂട്ടാതെ മുന്നോട്ടു പോയതും…നീർച്ചാലുകൾ വറ്റിവരണ്ടതും, വണ്ടിന്റെ മൂളക്കം ശ്രവിക്കാൻ ആരുമില്ലാത്തതും….
എന്റെ വിഡ്ഢിത്തങ്ങൾ കേട്ട് നിൻ കാതുകൾ മരവിച്ചുവെന്നറിഞ്ഞീടുകിൽ അവസാന തേങ്ങലെന്നോണമൊന്നുണ്ടെനിക്കോതുവാൻ…കേവലം ഒന്ന്… കഥാന്ത്യം വായിക്കാൻ എല്ലാവരും മറന്നിരിക്കുന്നു…